ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്തതിലൂടെ ഇസ്രായേലിന് ധാർമിക അടിത്തറ നഷ്ടമായി: രൂക്ഷ വിമർശനവുമായി ഒബാമ

ബെൽഫാസ്റ്റ്: ഇസ്രായേലിന്റെ അടിച്ചമർത്തൽ നയങ്ങൾക്കും ഫലസ്തീൻ അധിനിവേശത്തിനുമെതിരെ കടുത്ത വിമർശനവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും അവരുടെ അവകാശങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തതിലൂടെ ഇസ്രായേലിന് തങ്ങളുടെ ധാർമിക അടിത്തറ പൂർണ്ണമായി നഷ്ടപ്പെട്ടുവെന്ന് ഒബാമ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് വിഷയത്തിൽ അതിക്രമങ്ങൾ അവസാനിപ്പിച്ച് ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ അയർലൻഡിലെ ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം സ്വീകരിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന പരാമർശം.

നൂറ്റാണ്ടുകളായി ജൂതന്മാർ നേരിട്ട അടിച്ചമർത്തലുകളിൽ മുൻപന്തിയിൽ യൂറോപ്പാണെന്ന് ചൂണ്ടിക്കാണിച്ച ഒബാമ, സുരക്ഷിതമായ ഒരു ഇടം തേടി അവർ അലഞ്ഞത് സ്വാഭാവികമാണെന്ന് പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ അവിടുത്തെ പ്രാദേശിക ജനവിഭാഗമായ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്ത് അവരെ സാംസ്കാരികമായും സൈനികപരമായും അടിച്ചമർത്തുന്നത് കടുത്ത അനീതിയാണെന്നും, സ്വന്തം മണ്ണ് തിരികെ ആവശ്യപ്പെടുന്നതിൽ ഫലസ്തീനികളെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ വരുന്ന തലമുറകൾ എങ്ങനെ ജീവിക്കണമെന്ന് ഭരണകൂടവും ജനങ്ങളും ഗൗരവമായി പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഒബാമ ഓർമ്മിപ്പിച്ചു.

സാങ്കേതികമായും സൈനികമായും തങ്ങളാണ് മേഖലയിലെ ശക്തർ എന്ന അഹങ്കാരത്തിലാണ് ഇസ്രായേൽ പ്രവർത്തിക്കുന്നതെങ്കിൽ അത് കുറഞ്ഞ കാലത്തേക്ക് മാത്രമേ സഹായകമാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂറ്റൻ മതിലുകൾക്കുള്ളിൽ ഒളിച്ചിരുന്ന് ചുറ്റുമുള്ളവരെല്ലാം ഇല്ലാതായാൽ സുരക്ഷിതരായിരിക്കാം എന്ന് കരുതുന്നത് തികഞ്ഞ വ്യാമോഹവും അപ്രായോഗികവുമാണ്. അതേസമയം, അക്രമത്തിലൂടെയോ ആയുധ ബലത്തിലൂടെയോ മാത്രം ഇസ്രായേലിനെ കീഴടക്കാമെന്ന് ഫലസ്തീനികളും കരുതേണ്ടതില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. സമാധാനപരമായ മാറ്റങ്ങൾക്കായി അഹിംസയുടെ മാർഗം സ്വീകരിച്ച ചരിത്രപരമായ മാതൃകകൾ പിന്തുടരണമെന്നും, ഇതിന് സമയമെടുക്കുമെങ്കിലും അതാണ് ഏറ്റവും ശാശ്വതമായ മാർഗമെന്നും ഒബാമ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles