മാസപ്പടി കേസ്: പിണറായി വിജയന് ഇ.ഡി നോട്ടീസ്; ഒക്ടോബർ 23-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

കൊച്ചി: വിവാദമായ സി.എം.ആർ.എൽ-എക്സാലോജിക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ഒക്ടോബർ 23-ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ തള്ളിയ പശ്ചാത്തലത്തിലാണ് ഇ.ഡി നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. രണ്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്താണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മകൾ വീണയ്ക്ക് ലഭിച്ച തുക, പിണറായി വിജയന്റെ മുഖ്യമന്ത്രി പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയ സ്വാധീനത്തിന് പകരമായി ലഭിച്ച കൈക്കൂലിയാണോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതിനുപുറമെ, കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

അതിനിടെ, ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് ഇന്ന് കോടതി അറിയിച്ചിട്ടുണ്ട്. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് പരിശോധിക്കാമെന്നും, ഇല്ലെങ്കിൽ ഈ മാസം 26-ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. തനിക്ക് അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയിൽ ബോധിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്. മുഹമ്മദ് റിയാസും വീണയും സുപ്രീംകോടതിയിൽ സമാനമായ ഹരജികൾ നൽകിയിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഒറ്റവരിയിലാണ് തള്ളിയത്. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്..

Related Articles

- Advertisement -spot_img

Latest Articles