തിരുവനന്തപുരം: സംസ്ഥാനത്ത് ഭാവിയിൽ വൈദ്യുതി നിരക്കിലും സർചാർജിലും വലിയ വർധനവിന് വഴിതുറക്കുന്ന പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പുറത്തിറക്കി. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ (KSEB) മുൻകാല നഷ്ടമായ 5,000 കോടി രൂപ നാല് വർഷം കൊണ്ട് പ്രത്യേക സർചാർജിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി നികത്താനാണ് റെഗുലേറ്ററി കമീഷൻ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത വർഷം ഏപ്രിൽ ഒന്ന് (2027 ഏപ്രിൽ 1) മുതൽ പുതിയ താരിഫ് നയമനുസരിച്ചുള്ള വൈദ്യുതി നിരക്കും സർചാർജും പ്രാബല്യത്തിൽ വരും. 2027-28 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള നാല് വർഷക്കാലയളവിൽ ഉപഭോക്താക്കൾ നിലവിലെ നിരക്കിന് പുറമെ ഈ സർചാർജ് കൂടി നൽകേണ്ടി വരും. വ്യവസായ ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത തുകയായിരിക്കും സർചാർജ്. മറ്റ് വിഭാഗങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും നിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും സർചാർജായി ഈടാക്കുക. അഞ്ച് വർഷത്തേക്കുള്ള താരിഫ് നയമാണ് കമീഷൻ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതോടൊപ്പം വൈദ്യുതി ഉപഭോഗം കൂടുതലുള്ള ‘പീക്ക് സമയം’ കമീഷൻ ദീർഘിപ്പിച്ചു. നിലവിൽ വൈകീട്ട് ആറ് മുതൽ രാത്രി പത്ത് വരെയായിരുന്ന പീക്ക് സമയം, ഇനി മുതൽ വൈകീട്ട് ആറ് മുതൽ രാത്രി 11.30 വരെയായിരിക്കും. പീക്ക് സമയങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരും. ഇന്ധനവില വർധന മൂലമുണ്ടാകുന്ന അധിക ബാധ്യത നികത്താൻ പ്രതിമാസം ഈടാക്കുന്ന ഇന്ധന സർചാർജിൽ കേന്ദ്ര ചട്ടങ്ങൾ പ്രകാരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതി കരാറുകളിൽ മാത്രം ഈടാക്കിയിരുന്ന ഈ സർചാർജ്, ഇനിമുതൽ ഹ്രസ്വകാല-അടിയന്തര വൈദ്യുതി വാങ്ങലുകളിലും ചുമത്താം. റെഗുലേറ്ററി കമീഷന്റെ മുൻകൂർ അംഗീകാരമില്ലാതെ തന്നെ ശരാശരി വൈദ്യുതി വിലയുടെ നാല് ശതമാനം വരെ ബോർഡിന് നേരിട്ട് ഈടാക്കാവുന്നതാണ്.
അതേസമയം, പുതിയ താരിഫ് നയത്തിൽ ഉപഭോക്താക്കൾക്ക് അനുകൂലമായ ചില നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണച്ചെലവിന് അനുസൃതമായി നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കൽ, ഗാർഹിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാക്കൽ, വീടുകളിൽ സോളാർ-സ്റ്റോറേജ് സംവിധാനങ്ങൾ ഏർപ്പെടുത്തി രാത്രി സമയങ്ങളിൽ ഗ്രിഡിലേക്ക് വൈദ്യുതി തിരികെ നൽകുന്നവർക്ക് പ്രോത്സാഹനജനകമായ ഉയർന്ന വില നൽകൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.



