തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം കൃത്യമായ ഗൂഢാലോചനയോടെ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചാണ് നടപ്പിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ 17-കാരൻ, രണ്ടാം പ്രതി ഉമർ, മൂന്നാം പ്രതിയായ 17-കാരന്റെ പെൺസുഹൃത്ത് ആനന്ദ എന്നിവരുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 6 മണിക്കും 8 മണിക്കും ഇടയിലാണ് അഭിരാമിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൊലപാതകം നടത്തിയത്. പൊലീസിന്റെ പിടിയിലായാൽ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതി കുറ്റം മുഴുവൻ ഏറ്റെടുക്കണമെന്ന് പ്രതികൾ മുൻകൂട്ടി ധാരണയുണ്ടാക്കിയിരുന്നതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തി. ഒന്നാം പ്രതിയുടെ മുൻകാമുകിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഭിരാമിന്റെ സുഹൃത്തിനെ സംഭവസ്ഥലത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, മൂന്നാം പ്രതിയായ ആനന്ദയുടെ ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചാണ് അഭിരാമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. പെൺകുട്ടിയെന്ന വ്യാജേന ദിവസങ്ങളോളം സന്ദേശങ്ങളയച്ച് വിശ്വസ്തത നേടിയ ശേഷമായിരുന്നു ഈ ചതിക്കണി.
വിളിച്ചുവരുത്തിയ അഭിരാമുമായി സംഭവസ്ഥലത്തുവെച്ച് വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ഒന്നും രണ്ടും പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ഒരാൾ കൈ കൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ചാണ് മരണം ഉറപ്പാക്കിയത്. കേസിലെ രണ്ടാം പ്രതിയായ ഉമർ മുൻപ് കാപ്പാ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രഖ്യാപിത കുറ്റവാളിയാണ്. അറസ്റ്റിലായ ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കഴക്കൂട്ടം എ.സി.പിയുടെ മേൽനോട്ടത്തിൽ ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്



