ഇസ്രായേലിനുള്ള 400 കോടി ഡോളറിന്റെ വാർഷിക സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേലിന് നൽകിവരുന്ന 400 കോടി (4 ബില്യൺ) ഡോളറിന്റെ വാർഷിക സാമ്പത്തിക സഹായം ഈ വർഷാവസാനത്തോടെ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ സാമ്പത്തികമായി മികച്ച നിലയിലാണെന്നും ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം അവർക്ക് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയതെന്നും ഫൊക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി.

സാമ്പത്തിക സഹായം നിർത്തലാക്കിയാലും ഇസ്രായേലിന് ആവശ്യാനുസരണം പണം നൽകി ആയുധങ്ങൾ വാങ്ങാൻ അമേരിക്ക തുടർന്നും പിന്തുണ നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളാണ് അമേരിക്ക നിർമ്മിക്കുന്നത് എന്നും ആവശ്യമുള്ളവ വാങ്ങാൻ ഇസ്രായേലിനും യൂറോപ്യൻ രാജ്യങ്ങൾക്കും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രംപിന്റെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധ സാഹചര്യങ്ങളും ഉയർന്ന പ്രതിരോധ ചെലവുകളും നിലനിൽക്കുന്ന ഈ ഘട്ടത്തിൽ അമേരിക്കൻ സഹായം നിർത്തലാക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യൈർ ഗോലൻ വിമർശിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലാതെയുള്ള ഈ തീരുമാനം ജനങ്ങളുടെ മേൽ വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ പ്രഖ്യാപനത്തോട് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസോ വൈറ്റ് ഹൗസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles