ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ധാരണയിലെത്തുന്നതിൽ പരാജയപ്പെട്ടതായി പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ-താനി പ്രസ്താവിച്ചു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണിതെന്ന് ഖത്തർ പറഞ്ഞു. വസ്തുതാവിരുദ്ധമായ വാർത്തകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രതികരിച്ചത്.
പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകളെ ചില തൽപ്പരകക്ഷികൾ ബോധപൂർവ്വം വളച്ചൊടിക്കുകയായിരുന്നെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിൽ സംഘർഷവും അസ്ഥിരതയും തുടരുന്നതിൽ ലാഭം കൊയ്യുന്ന ചില ഓൺലൈൻ അക്കൗണ്ടുകളാണ് ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും ഇത് തികച്ചും ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും ഖത്തർ ആരോപിച്ചു. കരാറിലെത്തുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.
മേഖലയിലെ തർക്കങ്ങളിൽ എന്നും സമാധാനപരമായ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, വാഷിംഗ്ടണുമായും ടെഹ്റാനുമായും അടുത്ത ഏകോപനത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ആവർത്തിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയുന്നതിനുമായി ദോഹ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ സജീവമായി തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.



