കൊച്ചി: അധികാരത്തിലെത്തുമ്പോൾ വഴി മറന്ന മനുഷ്യരാണ് രാജ്യത്ത് നരേന്ദ്ര മോദിക്ക് വഴിയൊരുക്കിക്കൊടുത്തതെന്ന് കോൺഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ ഡോ. ജിന്റോ ജോൺ. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ 13 ഭാഷകളറിയുന്ന തന്റെ പാർട്ടിയുടെ നേതാവ് മിണ്ടാതിരിക്കുകയായിരുന്നുവെന്നും, കാലങ്ങൾക്ക് ശേഷമാണ് അത് തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഫാഷിസം, വർഗീയത, ഭരണകൂടം – തിരുത്ത്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ പ്രധാനമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.വി. നരസിംഹ റാവുവിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജിന്റോ ജോണിന്റെ പരാമർശം. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ നിഷ്പക്ഷതയും മൗനവും അപകടകരമാണെന്നും, ഇത്തരം മൗനങ്ങളെ ഫാഷിസ്റ്റുകൾ തങ്ങൾക്ക് ലഭിക്കുന്ന പിന്തുണയായാണ് കാണുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ഭിന്നതകളെയും ബഹുസ്വരതകളെയും ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടാണ് ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നതെന്നും, വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെ നിരന്തരം പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്ത സെമിനാറിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ തുടങ്ങിയ വിവിധ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.



