പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നിയമപരമായി സാധുവല്ല: വെളിപ്പെടുത്തലുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയെ പുറത്താക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ അധികാരത്തിലേറ്റിയ നിയമസഭാ തെരഞ്ഞെടുപ്പ് നിയമപരമായി സാധുവല്ലെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈശി. കൊൽക്കത്തയിൽ നടന്ന ഹാശിം അബ്ദുൽ ഹലീം അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കവെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതിയിൽ നിന്ന് നീതിയുക്തമായ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ വെട്ടിമാറ്റിയെന്ന സംശയം ശക്തമാണ്. ഇത്തരം ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ ആ മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണം അല്ലെങ്കിൽ മൂന്നംഗ കമ്മീഷന്റെ ഭൂരിപക്ഷ അഭിപ്രായമെങ്കിലും മാനിക്കപ്പെടണമെന്നാണ് നിയമം. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടപടികളുടെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഖുറൈശി ഓർമ്മിപ്പിച്ചു.

പൗരത്വം പരിശോധിക്കാനുള്ള പിൻവാതിൽ മാർഗമായി വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആർ) മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ, എസ്.വൈ. ഖുറൈശിയുടെ ആരോപണങ്ങൾ തള്ളി പശ്ചിമ ബംഗാൾ മന്ത്രി ദിലീപ് ഘോഷ് രംഗത്തെത്തി. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് ഇല്ലാത്ത പരാതികളാണ് ചിലർ ഉന്നയിക്കുന്നതെന്നും ആഗ്രഹിച്ച രാഷ്ട്രീയ ഫലം ഉണ്ടാകാത്തതാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles