കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വിശുദ്ധ ഹജ്ജിന് പോയ ആദ്യ തീർത്ഥാടകസംഘം കരിപ്പൂരിൽ തിരിച്ചെത്തി. മെയ് 21 ന് പുലർച്ചെ കരിപ്പൂരിൽ നിന്നും ആദ്യ വിമാനത്തിൽ പുറപ്പെട്ട 166 ഹാജിമാരാണ് തിങ്കളാഴ്ച വൈകുന്നേരം 4.15ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. ഒരു മണിക്കൂറിനകം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഹാജിമാർ പുറത്തെത്തി. ടെർമിനലിന് പുറത്ത് ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രണ്ടാമത്തെ ഹജ്ജ് വിമാനം 161 തീർത്ഥാടകരുമായി 8.30 ഓടെ എത്തും. ആദ്യദിനം 327 പേർ കരിപ്പൂരില് തിരിച്ചെത്തും.
ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ ഡോ. ഐ.പി. അബ്ദുസ്സലാം, ഉമ്മർ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീൻകുട്ടി, മുഹമ്മദ് ഖാസിം കോയ, പി.ടി. അക്ബർ, സഫർ കയാൽ, പി.പി. മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എൻ., ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥൻ യൂസുഫ് പടനിലം, ഹസൈൻ പി.കെ, തുടങ്ങിയവർ സ്വീകരിച്ചു.



