ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പൈതൃകത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായ പ്രതിരോധകവചമാണ് ‘നെഹ്റു ഡിജിറ്റൽ ആർക്കൈവ്’ എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. നെഹ്റുവിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഴുവൻ പൊളിറ്റിക്കൽ സയൻസിൽ എം.എ’ ബിരുദമുണ്ടെന്ന് അവകാശപ്പെടുന്നയാളുടെ നേതൃത്വത്തിൽ ചരിത്രം വളച്ചൊടിക്കുന്നവർ നെഹ്റുവിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ജയറാം രമേശ് വിമർശിച്ചു. എന്നാൽ, നെഹ്റുവിന്റെ മഹത്തായ പൈതൃകം സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഡിജിറ്റൽ ആർക്കൈവ് ശക്തമായ പ്രതിരോധകവചമായി നിലകൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെഹ്റു ഡിജിറ്റൽ ആർക്കൈവിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
1903 മുതൽ 1964 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന ‘സെലക്ടഡ് വർക്സ് ഓഫ് ജവഹർലാൽ നെഹ്റു’വിന്റെ 100 വാല്യങ്ങൾ ഈ ആർക്കൈവിൽ ലഭ്യമാണ്. പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷംതന്നെ വെബ്സൈറ്റിന് പത്തുലക്ഷത്തിലധികം സന്ദർശകരെ ലഭിച്ചതായി ജയറാം രമേശ് പറഞ്ഞു. ഏകദേശം 77,000 പേജുകളിലായി 34,000-ത്തിലധികം രേഖകളും 3,000 ചിത്രങ്ങളും ആർക്കൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാനുള്ള പ്രധാന വിവരസ്രോതസ്സാണിതെന്നും, പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



