ഫുജൈറ വാഹനാപകടം: ദുരന്തബാധിതരായ മലയാളി കുടുംബത്തെ നേരിൽ സന്ദർശിച്ച് കിരീടാവകാശി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ വസതിയിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മക്കളായ ഇരട്ടകളെയും (21) മൂന്ന് വയസ്സുള്ള പേരക്കുട്ടിയെയുമാണ് സിദ്ദിഖിന് നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെ ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച കിരീടാവകാശി, അവരുടെ വേദനയിൽ പങ്കുചേരുന്നതായും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും വ്യക്തമാക്കി.

യുഎഇയിലെ സമീപകാലത്തെ ഏറ്റവും വലിയ റോഡപകടങ്ങളിലൊന്നായ ഈ ദുരന്തത്തിൽ 10 ഇമാറാത്തി പൗരന്മാരും നാല് ഇന്ത്യക്കാരും ഉൾപ്പെടെ 14 പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് ഇമാറാത്തികൾ, ഏഴ് ഇന്ത്യക്കാർ, ആറ് ഒമാനി പൗരന്മാർ, മൂന്ന് ഈജിപ്തുകാർ, രണ്ട് ജോർദാനി പൗരന്മാർ, രണ്ട് പാകിസ്ഥാനികൾ, രണ്ട് ബ്രസീലുകാർ എന്നിവരുൾപ്പെടെ 30 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

18 കാറുകളും അഞ്ച് ലോറികളും ഉൾപ്പെടെ 23 വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും, തുടർന്ന് ഗതാഗതക്കുരുക്കിൽ വേഗത കുറച്ചും നിർത്തിയിട്ടിരുന്നതുമായ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കൂട്ടിയിടിയെത്തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. അപകടവുമായി ബന്ധപ്പെട്ട തുടർനടപടികളും അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles