തിരുവനന്തപുരം: തലസ്ഥാനത്ത് ജ്വല്ലറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കവർച്ച ചെയ്ത സംഭവത്തിൽ ആറ് പ്രതികൾ പൊലീസിന്റെ പിടിയിലായതായി വിവരം. മോഷണത്തിന് ശേഷം കാറിൽ തമിഴ്നാട്ടിലേക്ക് കടന്ന അഞ്ചംഗ സംഘത്തിലെ നാലുപേരെയും, കവർച്ചയുടെ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. വയനാട്ടിൽ വെച്ചാണ് നാലംഗ സംഘത്തെ പൊലീസ് വലയിലാക്കിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. പ്രതികളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കവർച്ച സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. കവർച്ചയ്ക്ക് ശേഷം ബൈക്ക് ഉപേക്ഷിച്ച സംഘം കാറിൽ ദേശീയപാത വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിൽ നിന്ന് വയനാട് ഭാഗത്തേക്ക് എത്തിയപ്പോൾ പൊലീസ് വാഹനം വളഞ്ഞ് നാലുപേരെ പിടികൂടുകയായിരുന്നു. കവർച്ച ചെയ്ത സ്വർണ്ണത്തിന്റെ ഒരു ഭാഗം ഇവരിൽ നിന്ന് കണ്ടെടുത്തതായാണ് സൂചന. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികൾ കവർച്ച നടപ്പാക്കിയതെന്നും, സംഭവദിവസം വൈകീട്ട് ഏഴ് മണി മുതൽ ഇവർ പ്രദേശത്ത് തമ്പടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. പവർഹൗസിന് സമീപം മരക്കട എസ്.ബി.ഐ ബാങ്കിനടുത്ത് വെച്ച് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ നന്ദകുമാറിന്റെ സ്വർണ്ണമടങ്ങിയ തോൾബാഗ് തട്ടിപ്പറിച്ച് തകരപ്പറമ്പിലേക്കുള്ള പാലം വഴി രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് കേരളത്തിലും അയൽസംസ്ഥാനങ്ങളിലുമായി പൊലീസ് നടത്തിയ ഊർജിത അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.



