വാഷിംഗ്ടണ്‍ / ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് തിയോഡോര്‍ റൂസ്വെല്‍റ്റ്’ മേഖലയില്‍ പ്രവേശിച്ചു. സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മലാക്ക കടലിടുക്ക് വഴിയാണ് പശ്ചിമേഷ്യയിലെത്തിയത്. നിലവിലുള്ള മറ്റ് രണ്ട് കപ്പലുകള്‍ക്കൊപ്പം അമേരിക്കയുടെ മൂന്ന് വിമാനവാഹിനിക്കപ്പല്‍ വ്യൂഹങ്ങളാണ് ഇപ്പോള്‍ മേഖലയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക ആക്രമണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഇതിനിടെ, യു.എസ് സൈനിക വിന്യാസത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുന്നത് വരെ കാത്തിരിക്കില്ലെന്നും, ആവശ്യമെങ്കില്‍ ആദ്യം തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി വ്യക്തമാക്കി. മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ലോകരാജ്യങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.



