മണ്ണന്തല രഞ്ജിത് വധം: 11 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 11 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കേസിലെ 12 പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല.

2008 ഒക്ടോബർ 17-ന് പുലർച്ചെ അഞ്ചേകാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണന്തല കോട്ടമുകളിലെ സ്വന്തം ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായെത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തുകയും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പ്രാദേശിക സി.പി.എം നേതാക്കളെയും പ്രതിചേർക്കുകയും ചെയ്തിരുന്നു.

കേസിൽ മുതിർന്ന ക്രിമിനൽ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന രഞ്ജിത്തിന്റെ മാതാവിന്റെ ആവശ്യം ഇടതുപക്ഷ സർക്കാർ തുടക്കത്തിൽ അംഗീകരിച്ചിരുന്നില്ല. തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയതോടെയാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തയ്യാറായത്. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പോലീസുകാർ കൂറുമാറിയിരുന്നെങ്കിലും, 41 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതിയുടെ നിർണ്ണായക വിധി പുറത്തുവന്നിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles