മനില: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിൽ ‘ഡേർട്ടി ബോംബ്’ (റേഡിയോ ആക്ടീവ് ബോംബ്) ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്കുള്ളിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ ലോകത്ത് ഇന്നുവരെ ഒരു രാജ്യവും നൽകാത്ത തരത്തിലുള്ള കനത്ത വില ഇറാൻ നൽകേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു.
ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ (ASEAN) ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഷിംഗ്ടൺ ഡി.സി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പ്രസിഡന്റിന്റെ രൂക്ഷമായ പ്രതികരണം. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങളെ അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അതുകൊണ്ടുതന്നെ അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ തലസ്ഥാനത്ത് റേഡിയോ ആക്ടീവ് വികിരണങ്ങൾ പടർത്തുന്ന ‘ഡേർട്ടി ബോംബ്’ സ്ഫോടനത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി പുതിയ ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്ന് തിങ്കളാഴ്ച സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഈ താക്കീത്.



