മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതി ആക്രമണ ശ്രമങ്ങളെ ശക്തമായി അപലപിച്ച് ഇരുഹറം ഇമാമുമാർ

ജിദ്ദ: വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെയും അവയെ ലക്ഷ്യം വെക്കാനുള്ള ശ്രമങ്ങളെയും ഇരുഹറമുകളിലെയും ഇമാമുമാരും ഖത്തീബുമാരും ശക്തമായി അപലപിച്ചു. വിശുദ്ധ നഗരങ്ങളുടെ പവിത്രതയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ മനസ്സിൽ അവയ്ക്കുള്ള സ്ഥാനവും ഇത്തരം ഭീകരപ്രവർത്തനങ്ങളെ അപലപിക്കൽ അനിവാര്യമാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. സമാധാനപരമായി കഴിയുന്നവർക്ക് ഭീഷണിയാകുന്നതും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ് ഇത്തരം നീക്കങ്ങൾ. ഇരുഹറമുകളെയും അവിടെ എത്തുന്ന തീർത്ഥാടകരെയും സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സന്ദർശകരെ പരിപാലിക്കാനുമുള്ള ഉത്തരവാദിത്തം സൗദി അറേബ്യ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇമാമുമാർ, രാജ്യത്തിനും ഭരണനേതൃത്വത്തിനും ഇരുഹറമുകൾക്കും എന്നെന്നും സുരക്ഷയും സമാധാനവും നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

ഹൂതി മിലീഷ്യ പുണ്യസ്ഥലങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനോ നിസ്സാരമായി കാണാനോ കഴിയില്ലെന്ന് ഇരുഹറം മതകാര്യ വകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി. അല്ലാഹു ആദരിച്ച സ്ഥലങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റവും, സമാധാനാന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാനും ഹറമുകൾ സന്ദർശിക്കാനും ആഗ്രഹിക്കുന്ന മുസ്‌ലിംകളെ ഉപദ്രവിക്കലുമാണിതെന്ന് അദ്ദേഹം പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ പവിത്രത ഉൾക്കൊള്ളണമെന്നും മുസ്‌ലിംകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇരുഹറമുകളുടെയും മഹത്വം കാത്തുസൂക്ഷിക്കുന്നതിലും ഉറച്ചുനിൽക്കണമെന്നും ഡോ. അൽ സുദൈസ് ആഹ്വാനം ചെയ്തു.

വിശുദ്ധ മക്കയെയും മദീനയെയും ലക്ഷ്യം വെക്കാൻ ഹൂതി മിലീഷ്യ നടത്തുന്ന ശ്രമങ്ങൾ പുണ്യസ്ഥലങ്ങളുടെ പവിത്രതയ്ക്ക് നേരെയുള്ള കടന്നുകയറ്റവും, അവിടെ എത്തുന്ന തീർത്ഥാടകരുടെ സമാധാനപരമായ അന്തരീക്ഷത്തിനുള്ള അവകാശത്തിന് ഭീഷണിയുമാണെന്ന് മസ്ജിദുന്നബവിയിലെ മതകാര്യ വിഭാഗം അസിസ്റ്റന്റ് മേധാവിയും ഇമാമും ഖത്തീബുമായ ശൈഖ് അഹമ്മദ് അൽ-ഹുദൈഫി പറഞ്ഞു. സമാധാനപരമായി കഴിയുന്നവരെ ഭയപ്പെടുത്തുന്നതും അപകടത്തിലാക്കുന്നതും ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമാണ്. വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, സമൂഹത്തിൽ ആശങ്ക പരത്തുന്നതോ സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശിച്ചു.

Related Articles

- Advertisement -spot_img

Latest Articles