കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ് എന്നിവരെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. സംഭവം നടന്ന് 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കേസിൽ 32-ാം പ്രതിയായിരുന്നു പി. ജയരാജൻ; ടി.വി. രാജേഷ് 33-ാം പ്രതിയുമായിരുന്നു. ഇരുവരുമുൾപ്പെടെ 33 സി.പി.എം പ്രവർത്തകരാണ് കേസിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു.
സുമേഷ് ഒന്നാം പ്രതിയായ കേസിൽ പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിൽ 2016 ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. അന്നത്തെ അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ബി. കെമാൽപാഷ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഠിനപ്രയത്നം വേണ്ടിവന്നുവെന്നും, പ്രാദേശിക രാജാക്കന്മാർ കേസന്വേഷണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കാനാകില്ലെന്നും അന്ന് ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.



