കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രാകൃതമായ ആൾക്കൂട്ട വിചാരണയ്ക്കൊടുവിലായിരുന്നു എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൾ ഷുക്കൂറിന്റെ കൊലപാതകം. 2012 ഫെബ്രുവരി 20-ന് കണ്ണപുരം കീഴറയിലെ വള്ളുവൻകടവിന് സമീപത്തെ വയലിൽ രണ്ടര മണിക്കൂറോളം പരസ്യവിചാരണ നടത്തിയ ശേഷമാണ് ഇരുപത്തൊന്നുകാരനായ ഷുക്കൂറിനെ സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. കണ്ണൂരിൽ മുൻപും ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും, പരസ്യവിചാരണ നടത്തി ഒരാളെ കൊലപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. ഈ സംഭവം കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് ഒരു പരിധിവരെ തടയിടാൻ കാരണമായെങ്കിലും, കേസിൽ 13 പേർ ശിക്ഷിക്കപ്പെട്ടതോടെ ‘കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന’ സി.പി.എമ്മിന്റെ പതിവ് ന്യായീകരണങ്ങൾ അപ്രസക്തമായിരിക്കുകയാണ്.
അരിയിൽ പ്രദേശം സന്ദർശിക്കാൻ പോയ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും എം.എൽ.എയായിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനങ്ങൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇരുവരും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മുറിയിലാണു കൊലപാതക ഗൂഢാലോചന നടന്നതെന്ന ആരോപണം സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പി. ജയരാജൻ, ടി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കമുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് കേസിൽ അപൂർവ്വതയായി. എന്നാൽ, ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതും പ്രമുഖ നേതാക്കളടക്കം 18 പേരെ കോടതി വെറുതെവിട്ടതും സി.പി.എമ്മിന് ആശ്വാസമായി. മറുവശത്ത്, ഭയം കാരണം പ്രധാന സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നതും ഗൂഢാലോചന തെളിയിക്കാനാകാത്തതും പ്രോസിക്യൂഷനും മുസ്ലിം ലീഗിനും കനത്ത തിരിച്ചടിയായി മാറി.
കേസിൽ ശിക്ഷിക്കപ്പെട്ട 13 പേരിൽ ഭൂരിഭാഗവും സമൂഹത്തിൽ ശ്രദ്ധേയമായ പദവികളിലും സർക്കാർ-സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നവരാണെന്നത് ഏറെ ശ്രദ്ധേയമാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി കെ.വി. സുമേഷ്, ഏഴാം പ്രതി പവിത്രൻ പോരയിൽ, പത്താം പ്രതി മൈന ദിനേശൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർ സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരാണ്. പതിനൊന്നാം പ്രതി സി.എൻ. മോഹനൻ ജില്ലാ ബാങ്ക് ജീവനക്കാരനും, പന്ത്രണ്ടാം പ്രതി ബിജുമോൻ മോട്ടിവേഷൻ സ്പീക്കറുമാണ്.
ഇവർക്ക് പുറമെ ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ പട്ടുവം ഗ്രാമപഞ്ചായത്ത് അംഗമാണ്. ഇരുപത്തിയേഴാം പ്രതി പി.കെ. അജിത്കുമാർ ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ പാപ്പിനിശ്ശേരി ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്യൂണുമാണ്. ഒൻപതാം പ്രതി പി.വി. മനോഹരൻ ഓട്ടോഡ്രൈവറും പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ ചെത്തുതൊഴിലാളിയുമാണ്. വിചാരണയ്ക്കിടെ മരണപ്പെട്ട മുപ്പത്തിയൊന്നാം പ്രതി എ.വി. ബാബു തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.



