റിയാദ്: റിയാദ് മെട്രോയുടെ എല്ലാ ട്രാക്കുകളും പ്രവർത്തന സജ്ജമായി. ആദ്യം നീലയും വയലറ്റും മഞ്ഞയും ട്രാക്കുകളിലാണ് ട്രെയിൻ ഓടി തുടങ്ങിയിരുന്നത്. പിന്നീട് ചുവപ്പും പച്ചയും പ്രവർത്തനം തുടങ്ങി അവസാന ട്രാക്കിൽ കൂടി ഇന്ന് ട്രെയിൻ സർവീസ് ആരംഭിച്ചു. ഇതോടെ സൗദിയുടെ തലസ്ഥാന നഗരിയിലെ ഗതാഗത സൗകര്യങ്ങൾ വലിയ രീതിയിൽ വികസിക്കപ്പെടും. സൗദിയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുകളും ആറ് മെട്രോ സർവീസുകളും ചേർന്ന് റിയാദിന്റെ മുഖഛായ മാറ്റും.
റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും 41 കിലോമീറ്റർ നീളത്തിലാണ് ഇന്ന് ഉത്ഘാടനം ചെയ്യപ്പെട്ട ഓറഞ്ച് ട്രാക്ക്. 22 സ്റ്റേഷനുകളാണ് ഈ ട്രാക്കിലുള്ളത്. അഞ്ചു സ്റ്റേഷൻ മാത്രമാണ് ഇപ്പോൾ തുറന്നു കൊടുത്തിട്ടുള്ളത്. പടിഞ്ഞാറ് ഭാഗത്തുനിന്നും യാത്ര തുടങ്ങുന്ന ജിദ്ദ റോഡ് സ്റ്റേഷൻ, തുവൈഖ്, അദ്ദൗവ്, ഹാറൂൺ അൽ റഷീദ്, നസീം എന്നീ ആറ് സ്റ്റേഷനുകളാണ് പ്രവർത്തന സജ്ജമായത്. ബാക്കിയുള്ള 17 സ്റ്റേഷനുകളും വൈകാതെ തന്നെ യാത്രക്കാർക്ക് തുറന്നു കൊടുക്കും. ദീരയോട് ചേർന്നുള്ള ഖസാറുൽ ഹുകൂം ആണ് ഓറഞ്ച് പാതയിലെ വലിയ സ്റ്റേഷൻ ബത്ഹയോട് ചേർന്ന് നിൽക്കുന്നസ്റ്റേഷൻ കൂടിയാണിത്.
ഓറഞ്ച് പാതയുടെ ഉത്ഘാടനത്തോടെ 38 കിലോമീറ്ററിലുള്ള നീല പാതയിലെ മൂന്ന് സ്റ്റേഷൻ കൂടി യാത്രക്കാർക്ക് തുറന്നു കൊടുത്തു. കിംഗ് ഫഹദ് ലൈബ്രറി, ബാങ്ക് അൽ ബിലാദ്, അൽ മുറൂജ് സ്റ്റേഷനുകളാണ് തുറന്ന് കൊടുത്തത്. ഇതോടെ നീല പാതയിലെ 25 സ്റ്റേഷനിലെ 21 സ്റ്റേഷനുകളും തുറന്നു കൊടുത്തു. ബത്ഹയോട് ചേർന്ന് നിൽക്കുന്ന പ്രധാനപെട്ട രണ്ടു സ്റ്റേഷനുകൾ കൂടി ഇനി തുറക്കാൻ ബാക്കിയുള്ളവയിലുണ്ട്. അൽ ബത്ഹയും മ്യൂസിയം സ്റ്റേഷനും.
സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് നവംബർ 27 നാണ് റിയാദ് മെട്രോ ഉത്ഘാടനം നിർവഹിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ മൂന്നു പാതകളിലൂടെ ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു.ഡിസംബർ പകുതിയോടെ മറ്റു രണ്ടു ട്രാക്കുകളിലും സർവീസ് തുടങ്ങി. ഇന്ന് ഓറഞ്ച് ട്രാക്ക് കൂടി തുറന്നു കൊടുത്തതോടെ റിയാദിലെ യാത്രക്കാരുടെ വലിയ കാത്തിരിപ്പിന്നാണ് അറുതിയാവുന്നത്. ബാക്കിയുള്ള സ്റ്റേഷനുകൾ കൂടി തുറക്കുന്നതോടെ റിയാദിലെ ഗതാഗത കുരുക്ക് അഴിയുകയും വായു മലിനീകരണം കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.



