ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനും കോൺഗ്രസിന്റെ എട്ടംഗ സമിതി. ഈഗിൾ (EAGLE-Empowered Action Group of Leaders and Experts) എന്ന പേരിലാണ് സമിതി രൂപീകരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ കാർഗെ സമിതിയെ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളെയും വിദഗ്ദരെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റിക്ക് രൂപം നൽകിയത്.
അജയ് മാക്കൻ, ദിഗ് വിജയ് സിംഗ്, അഭിഷേക് മനു സിംഗ്വി, പ്രവീൺ ചക്രവർത്തി, പവൻ ഖേര, ഗുർദീപ് സിംഗ് സപാൽ, നിതിൻ റാവത്, ചല്ല വമിഷി ചാങ് റെഡ്ഢി എന്നിവരാണ് സമിതി അംഗങ്ങൾ. മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് വോട്ടർപട്ടിക ക്രമക്കേടായിരിക്കും ഇവർ ആദ്യം പരിശോധിക്കുക. വിശദമായ പഠന റിപ്പോർട്ട് പാർട്ടി നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും.
മഹാരാഷ്ട്രക്ക് പുറമെ മറ്റിടങ്ങളിലെ തെരെഞ്ഞെടുപ്പ് ക്രമക്കേടുകളും സമിതി പഠിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സമിതി പരിശോധിക്കും. തെരെഞ്ഞെടുപ്പ് സമഗ്രതയെ ചുറ്റിപറ്റിയുള്ള എല്ലാ ആശങ്കകളും പഠിക്കുകയും റിപ്പോർട്ട് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും



