കോഴിക്കോട്: വൈദ്യുതി ബില്‍ അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ഓഫീസ് ആക്രമിച്ച പ്രതിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ ഇന്ന് പുനഃസ്ഥാപിച്ചു. തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ച പ്രതി അജ്മലിന്റെ വീട്ടിലെ വൈദ്യതി കണക്ഷൻ കെഎസ്ഇബി കട്ട് ചെയ്തിരുന്നു.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായും പ്രതി അജ്മലിന്റെ പിതാവ് റസാഖുമായി ചർച്ച നടത്തി. സത്യവാങ്മൂലത്തിൽ ഒപ്പുവെക്കണമെന്ന തഹസിൽദാരുടെ ആവശ്യം കുടുംബം അംഗീകരിച്ചില്ല.
സത്യവാങ്മൂലത്തിൽ റസാഖും കുടുംബവും ഒപ്പ് വെക്കാൻ തെയ്യാറാകാത്ത കാരണം ചർച്ച വഴിമുട്ടിയെങ്കിലും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ കളക്ടർ നിർദേശം നൽകുകയായിരുന്നു.
മക്കൾ ചെയ്ത അക്രമത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള പരാമർശങ്ങൾ ഉൾപ്പെട്ടതായിരുന്നു സത്യവാങ്മൂലം. സത്യവാങ്മൂലത്തിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു റസാഖിന്റെ കുടുംബം.
ഓഫീസിനെയോ ജീവനക്കാരെയോഇനി ആക്രമിക്കില്ലെന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി കെഎസ്ഇബിക്കു നിർദേശം നൽകിയിരുന്നു.



