ഹരാരെ: സിംബാബ്‍വെക്കെതിരെ ഇന്ത്യക്ക് 100 റൺസിന്റെ കൂറ്റൻ വിജയം. ആദ്യ മത്സരത്തിലെ പരാജയത്തിന് പകരം വീട്ടിയ ഇന്ത്യ രണ്ടാം ട്വന്റി20യിൽ 2 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 234 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെയ്ക്ക് 134 റൺസ് മാത്രമേ എടുക്കാനായുള്ളൂ.
സ്കോർ: ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റിന് 234. സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് ഓൾഔട്ട്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പമായി. ലോകകപ്പ് നേടിയ ആവേശത്തോടെ ട്വന്റി20 ലോകകപ്പിനുശേഷം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യ കളിയിൽ തന്നെ സിംബാബ്‌വെയോട് പരാജയപ്പെട്ടിരുന്നു. സിംബാബ്‌വെയുടെ 116 റൺസ് മറികടക്കാൻ ഇന്ത്യക്കായില്ല. 19.4 ഓവറിൽ 102 റൺസിന് ഓൾഔട്ടായി. ഈ വർഷത്തെ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ തോൽവി കൂടി യായിരുന്നു ഇത്.
ആദ്യ തോൽവിക്കുള്ള മറുപടിയാണ് ഇന്നത്തെ വിജയം. ഓപ്പണർ അഭിഷേക് ശർമയുടെ സെഞ്ചറിയോടെ ഇന്ത്യയുടെ അരങ്ങേറ്റം. 46 പന്തുകളിൽനിന്നാണ് അഭിഷേക് കന്നി സെഞ്ചറി അടിച്ചത്. എട്ടു സിക്സുകളും ഏഴു ഫോറുകളും അഭിഷേക് നേടി. സീനിയര്‍ ടീമിൽ അഭിഷേകിന്റെ രണ്ടാം മത്സരമാണിത്.



