റിയാദ്: പ്രവാസികൾക്ക് ആശ്വാസമായി സൗദിയിൽ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ചു. തൊഴിലാളികളുടെ നിയമനം, രാജി, അവധി, പരാതി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അറിയിച്ചത്.
മന്ത്രസഭ അംഗീകാരം നൽകിയ പ്രധാന തീരുമാനങ്ങൾ ഇവയൊക്കെയാണ് –
തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് തൊഴിലാളി 30 ദിവസം മുമ്പ് അപേക്ഷ നൽകണം. നോട്ടീസ് കാലാവധിയിൽ ജോലിയിൽ തുടരണം. തൊഴിലാളിയെ പിരിച്ചു വിടുകയാണെങ്കിൽ 60 ദിവസം മുമ്പ് വിവരം അറിയിക്കുകയും വേണം.
പുതുതായി നിയമിച്ച തൊഴിലാളിയുടെ പ്രൊബേഷൻ കാലയളവ് തൊഴിൽ കരാറിൽ രേഖപ്പെടുത്തണം. ഒരു കാരണവശാലും ഇത് 180 ദിവസത്തിൽ കൂടരുത്. അധിക സമയത്തെ ജോലിക്ക് പകരം ശമ്പളത്തോടൊപ്പം അവധിയും പരിഗണിക്കും. പരിശീലന കരാറുകളിൽ ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തണം. മതിയായ ലൈസൻസില്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിച്ചാൽ കടുത്ത പിഴ ഏർപ്പെടുത്തും.
തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരണപ്പെടുന്ന സന്ദർഭത്തിൽ അവർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി നൽകണം. പ്രസവാവധി 12 ആഴ്ചയായി വർധിപ്പിക്കും.



