തൃശൂർ: ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷകളുമായി മുന്നണികൾ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് വായനാട്ടിലെത്തും. രാവിലെ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടിയിലും പ്രിയങ്കക്കൊപ്പം കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടു സ്ഥലങ്ങളിലും റോഡ് ഷോയും നടക്കും.
എൽ ഡി എഫ് കൊട്ടിക്കലാശം കല്പറ്റയിലാണ്. സ്ഥാനാർഥി സത്യൻ മൊകേരി സംബന്ധിക്കും. എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസ് ബത്തേരിയിലും മാനന്തവാടിയിലും കല്പറ്റയിലും റോഡ് ഷോ നടത്തും. സുൽത്താൻ ബത്തേരിയിലാണ് എൻ ഡി എ യുടെ കൊട്ടിക്കലാശം.
ചേലക്കരനിയമസഭാ മണ്ഡലത്തിലും പ്രചാരണം ഇന്ന് അവസാനിക്കും. വിവാദങ്ങൾക്കിടയിൽ മണ്ഡലം നഷ്ടപ്പെടാതിരിക്കാൻ കരുതയോടെയായിരുന്നു ഇടതു മുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ. മുഖ്യമന്ത്രി മുതൽ മന്ത്രിമാരും നേതാക്കളും മണ്ഡലത്തിൽ പ്രചാരണത്തിലുണ്ട്. ഭരണ വിരുദ്ധ വികാരങ്ങൾ വോട്ടാക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി യു ഡി എഫ് ക്യാമ്പും സജ്ജീവമായിരുന്നു. ബിജെപിയുടെയും ദേശീയ നേതാക്കൾ മണ്ഡലത്തിൽ മുഴുസമയമുണ്ട്. പി വി അൻവറിന്റെ സ്ഥാനാർത്ഥിയും മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.
ചേലക്കരയിലാണ് മൂന്ന് സ്ഥാനാർഥികളുടെയും കൊട്ടിക്കലാശം. യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം കെ പി സി സി പ്രസിഡന്റ് കെ സുധാകരനും എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപിനൊപ്പം പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി കെ സരിനും പങ്കെടുക്കും.



