ശബരിമല സ്വർണക്കൊള്ളക്കേസ്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്തേക്കും. കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടന്നത് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് എന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് നടപടി.

പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്‌ത ശേഷമാകും കടകംപള്ളിക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതേസമയം, ദേവസ്വം ബോർഡിൻ്റെ തീരുമാനങ്ങളിൽ സർക്കാരിനോ തനിക്കോ പങ്കില്ലെന്നും, ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തൻ്റെ മുന്നിൽ എത്തിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ എൻ. വാസു, എ. പത്മകുമാർ എന്നിവർക്ക് പിന്നാലെ സി.പി.എം. നേതാക്കളുടെ ‘ജയിൽ ഘോഷയാത്ര’ തുടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles