നിയമലംഘനം; സൗദിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടപ്പിച്ചു

ജിദ്ദ: നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടപ്പിച്ചു. സർവീസ് സെന്ററുകളുടെയും പെട്രോൾ സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘമാണ് നടപടി സ്വീകരിച്ചത്.

പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കാൻ വിസമ്മതിക്കുക, ഇന്ധന വിതരണത്തിൽ കൃത്യത പാലിക്കാതിരിക്കുക തുടങ്ങിയ ഗൗരവകരമായ നിയമലംഘനങ്ങളാണ് ഈ പമ്പുകൾക്കെതിരെ കണ്ടെത്തിയത്.

ജിദ്ദ ഗവർണറേറ്റ്, കിഴക്കൻ പ്രവിശ്യ (Eastern Province), തബൂക്ക് റീജിയൻ എന്നീ നഗരസഭകളുടെ പരിധിയിലുള്ള പമ്പുകളാണ് അടച്ചുപൂട്ടിയത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു നടപടി. രാജ്യത്തെ പെട്രോൾ സ്റ്റേഷനുകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇന്ധനലഭ്യത ഉറപ്പുവരുത്താനും വർഷം മുഴുവൻ പരിശോധനകൾ തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.

വിപണിയിലെ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ സ്റ്റേഷനുകളും നിശ്ചിത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. സൗദിയിലെ പെട്രോൾ സ്റ്റേഷനുകളുടെ നിലവാരം ഉയർത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള ഊർജ്ജ മന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.

 

Related Articles

- Advertisement -spot_img

Latest Articles