ചൈനയും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം; വെനസ്വേലക്ക് ട്രംപിന്റെ കർശന താക്കീത്

വാഷിംഗ്ടൺ ഡി.സി: വെനസ്വേലയിലെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളും ഉടനടി വിച്ഛേദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിക്കോളാസ് മഡൂറോയെ അധികാരത്തിൽ നിന്ന് നീക്കി യുഎസ് നാടുകടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ മുന്നറിയിപ്പ്. വെനസ്വേലയിൽ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെങ്കിൽ ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും പകരം അമേരിക്കയുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന നിബന്ധന. കൂടാതെ, ക്രൂഡ് ഓയിൽ വിൽപനയിൽ യുഎസിന് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ കീഴിലുള്ള ഭരണകൂടം യുഎസിന്റെ ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ വെനസ്വേലയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ചൈനയാണെന്നിരിക്കെ, യുഎസിന്റെ ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. വെനസ്വേലയുടെ നിയന്ത്രണം ഇപ്പോൾ തന്റെ കൈപ്പിടിയിലാണെന്ന് അവകാശപ്പെടുന്ന ട്രംപ്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കി തങ്ങൾക്കനുകൂലമായ നിലപാടുകൾ സ്വീകരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ, 30 മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ വെനസ്വേല യുഎസിന് വിപണി വിലയ്ക്ക് കൈമാറുമെന്നും ട്രംപ് വെളിപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles