ശബരിമല സ്വർണക്കൊള്ള: മന്ത്രിമാരും മുൻ മന്ത്രിമാരും പ്രതിപ്പട്ടികയിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ വെളിപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഈ വൻ കൊള്ളയിൽ സംസ്ഥാനത്തെ നിലവിലെ മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പന്റെ മുതൽ മോഷ്ടിച്ചവർ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണം സത്യസന്ധമായി നടന്നാൽ പല വമ്പന്മാരും കുടുങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ അറസ്റ്റിലായിട്ടും അവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തത് കൊള്ളക്കാരെ സംരക്ഷിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമല തന്ത്രി കണ്ഠരര് രാജീവറുടെ അറസ്റ്റ് നിയമപരമായ കാര്യമാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സി.പി.എം ഇപ്പോൾ തങ്ങളുടെ നേതാക്കളെ രക്ഷിക്കാനുള്ള കുറുക്കുവഴികളാണ് തേടുന്നത്. ഇതിനിടെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി. മുൻപ് ഉയർന്നുകേട്ട പ്രമുഖരിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും അന്വേഷണം കൃത്യമായ ദിശയിലല്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles