ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ മൊയ്തു പടിയത്ത് അനുസ്മരണം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലും, ചലച്ചിത്ര മേഖലയിലും ശ്രദ്ധേയ സംഭാവനകൾ നൽകിയ എഴുത്തുകാരൻ മൊയ്തു പടിയത്തിന്റ ഓർമ്മയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. എഴുത്തുകാരനും, മാധ്യമപ്രവർത്തകനും, മലയാളി സമാജം പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാർഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ലളിതമാർന്ന ഭാഷാശൈലി യുടെ ഉടമകൂടിയായിരുന്ന എഴുത്തുകാരനായിരുന്നു.
തന്റെ കൃതികളിലൂടെ ആ കാലഘട്ടത്തിലെ സമൂഹത്തിൽ, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ അദ്ദേഹം പോരാടി. തന്റെ ശ്രദ്ധേയ രചനകളായ ഉമ്മ, യത്തീം, കുട്ടിക്കുപ്പായം, തുടങ്ങിയവയിലൂടെയടക്കം അദ്ദേഹം അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കും, ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ വിമർശനങ്ങളും, താക്കീതുകളു മായിരുന്നു നടത്തിയിരുന്നത്. അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിലും, സമുദായത്തിലും അതെല്ലാം ഉയർത്തിയ പ്രകമ്പനങ്ങൾ ചെറുതല്ലെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു. ജീവിച്ചിരിക്കുമ്പോൾ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയ എഴുത്ത് ക്കാരനായിരുന്നു പടിയത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതലമുറയാൽ വിസ്മരിക്കപ്പെട്ട, മൊയ്തു പടിയത്തെന്ന, മണ്‍മറഞ്ഞ മഹാപ്രതിഭയെ ഓര്‍മ്മപ്പെടുത്താനുള്ള മലയാളി സമാജത്തിന്റെ ശ്രമത്തെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. പ്രവിശ്യയിലെ പ്രമുഖ സാമൂഹിക സാംസ്കാരികപ്രവർത്തകരായ അൽമുന ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത്, അഷ്‌റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവർ സംസാരിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ നായർ, ഫെബിനാ നജ്മുസ്‍മാൻ, ലീന ഉണ്ണികൃഷ്ണൻ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഡോ. അമിതാ ബഷീർ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.



