28.1 C
Saudi Arabia
Sunday, April 26, 2026
spot_img

രാജ്യം ഉറ്റുനോക്കിയ ഹൃദയം മാറ്റിവെക്കൽ; നേപ്പാൾ സ്വദേശിനി ദുർഗ കാമി മരണത്തിന് കീഴടങ്ങി

കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) അന്തരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ മാസം 22-നാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയം ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിലെത്തിച്ച് ദുർഗയിൽ വെച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികയായിരുന്ന ദുർഗ പുസ്തകം വായിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി നില വഷളാവുകയായിരുന്നു.

ഡാനോൻസ് ഡിസ്കെയർ എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു ദുർഗയുടെ ഹൃദയത്തെ ബാധിച്ചിരുന്നത്. അമ്മയെയും സഹോദരിയെയും ഇതേ രോഗം മൂലം നഷ്ടപ്പെട്ട ദുർഗയും അനുജനും ഒരു അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. അനാഥാലയം ഭാരവാഹികൾ ദുർഗയെ കേരളത്തിലെത്തിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ശസ്ത്രക്രിയ സാധ്യമായത്. ഡോക്ടർമാരുടെ ആറു മണിക്കൂർ നീണ്ട തീവ്രശ്രമങ്ങൾക്കും ദുർഗയുടെ ജീവൻ രക്ഷിക്കാനായില്ല. ഒരു നാടിന്റെ പ്രാർഥനകൾ വിഫലമാക്കി, പ്രതീക്ഷകൾ ബാക്കിയാക്കിയാണ് ഈ നേപ്പാളി പെൺകുട്ടി വിടവാങ്ങിയത്.

Related Articles

- Advertisement -spot_img

Latest Articles