രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും; സി.പി.എമ്മിൽ വിവാദം പുകയുന്നു

തിരുവനന്തപുരം: കണ്ണൂരിലെ പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതോടെ സി.പി.എം കടുത്ത പ്രതിരോധത്തിൽ. 2008-ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ വിഷ്ണുവിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നേതാക്കൾ വകമാറ്റിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് നേരത്തെ പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ തട്ടിപ്പിന്റെ പേരിൽ തരംതാഴ്ത്തിയ നേതാവിനെ വീണ്ടും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പദവിയിലേക്ക് ഉയർത്തിയതാണ് ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

തട്ടിപ്പ് നടത്തിയ നേതാവിന് വീണ്ടും പദവികൾ നൽകിയതിൽ പ്രതിഷേധിച്ച് വിഷ്ണുവിന്റെ സഹോദരൻ പാർട്ടി വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിലൂടെയാണ് കുറ്റക്കാരനായ നേതാവ് പദവികളിൽ തിരിച്ചെത്തിയതെന്നും കുടുംബം ആരോപിക്കുന്നു. 15 വർഷത്തിന് ശേഷമാണ് ഫണ്ട് തിരിമറി നടന്ന കാര്യം തങ്ങൾ അറിഞ്ഞതെന്നും ഇത് രക്തസാക്ഷിയോട് ചെയ്യുന്ന വലിയ ക്രൂരതയാണെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ കടുത്ത പ്രതിഷേധം ഉയർത്തുകയാണ്. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപിച്ച വി. കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയതിന് പിന്നാലെ തിരുവനന്തപുരത്തെ ഈ സംഭവം കൂടി പുറത്തുവന്നത് സി.പി.എം നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles