നാല് ദിവസത്തിനുള്ളിൽ 10 ലക്ഷം റിയാലിന്റെ വ്യാപാരം; ജിസാൻ തേൻ മേളയിൽ വൻ ജനത്തിരക്ക്

ജിസാൻ: സൗദി അറേബ്യയിലെ ജിസാനിൽ നടന്ന തേൻ മേള വൻ വിജയമാകുന്നു. മേള തുടങ്ങി ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം സൗദി റിയാലിന്റെ വ്യാപാരം നടന്നതായി അധികൃതർ അറിയിച്ചു. ജിസാൻ മേഖലയിലെ തനതായ ഗുണമേന്മയുള്ള തേൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ മേളയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജിസാൻ പ്രവിശ്യയിലെ കൃഷി, ജല, പരിസ്ഥിതി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

മേഖലയിലെ തേനീച്ച കർഷകരെ പിന്തുണക്കാനും അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമുള്ള ഒരു വലിയ വേദിയായി ഈ മേള മാറി. നൂറിലധികം കർഷകരാണ് വിവിധ തരം തേൻ ഉൽപ്പന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നത്. സിദ്ർ തേൻ ഉൾപ്പെടെയുള്ള ഔഷധഗുണമുള്ള തേൻ ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. തേൻ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് പുറമെ കർഷകർക്കായുള്ള ശിൽപ്പശാലകളും ബോധവൽക്കരണ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ജിസാനിലെ കാർഷിക ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാനും ഇത്തരമൊരു സംരംഭം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

 

Related Articles

- Advertisement -spot_img

Latest Articles