തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു. അപകടത്തിൽ വനിതാ അറ്റൻഡർ അറ്റൻഡർ ഫാരിഷ ബീവിക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ ഐ.സി.യുവിന് സമീപമുള്ള പത്താം വാർഡിൽ അപകടമുണ്ടായത്. ഓക്സിജൻ സിലിണ്ടറിലെ മർദ്ദം ക്രമീകരിക്കുന്ന ഫ്ലോ മീറ്റർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് വാർഡിൽ രോഗികളും കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതെ വലിയൊരു ദുരന്തം ഒഴിവായി

പൊട്ടിത്തെറിയെത്തുടർന്ന് വാർഡിൽ പുക പടർന്നത് രോഗികൾക്കിടയിൽ പരിഭ്രാന്തി പരത്തി. ഉടൻ തന്നെ ആശുപത്രി അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തകരാറിലായ ഉപകരണം മാറ്റുകയും പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഉപകരണത്തിന്റെ പഴക്കമാണോ അതോ സാങ്കേതികമായ മറ്റ് തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്. മെഡിക്കൽ കോളേജ് പോലുള്ള തിരക്കേറിയ ആശുപത്രിയിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് രോഗികളുടെ ജീവന് ഭീഷണിയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles