മസ്‌കറ്റ്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായ സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ നിരവധി ഇന്ത്യൻ നാവികരും ചരക്കുകപ്പലുകളും കുടുങ്ങിക്കിടക്കുന്നു. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഈ പാത ഇറാൻ ഔദ്യോഗികമായി അടച്ചതോടെ 1,109 ഇന്ത്യൻ നാവികരുള്ള 37 കപ്പലുകൾക്കാണ് യാത്ര തുടരാനാവാതെ നടുക്കടലിൽ കഴിയേണ്ടി വരുന്നത്. മേഖലയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് കപ്പൽ ഉടമകളും കേന്ദ്ര സർക്കാരും. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. രാജ്യത്തെ എൽപിജി ഇറക്കുമതിയുടെ 85 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്. നിലവിലെ തടസ്സം തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യയിൽ പാചകവാതക വിതരണം തടസ്സപ്പെടാനും ഊർജ്ജ വില കുതിച്ചുയരാനും സാധ്യതയുണ്ട്. ഏകദേശം 10,000 കോടി രൂപയുടെ ആസ്തികളാണ് ഇപ്പോൾ കടലിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്കുള്ള പരിരക്ഷ പിൻവലിക്കുന്നതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ ഭൂരിഭാഗവും എണ്ണയും പാചകവാതകവും കയറ്റുന്നതിനായി ഹോർമുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്താണ് നങ്കൂരമിട്ടിരിക്കുന്നത്. സംഘർഷത്തിനിടയിൽ ഇതിനോടകം തന്നെ ചില വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. വിഷയം ഗൗരവമായി എടുത്ത കേന്ദ്ര സർക്കാർ ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായതിനാൽ എത്രയും വേഗം കപ്പലുകളുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം.



