ജിദ്ദ: റവാബി ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ‘മലബാർ അടുക്കള’ സംഘടിപ്പിച്ച പായസ മത്സരം രുചിയുടേയും സാംസ്‌കാരിക ഐക്യത്തിന്റേയും ഉജ്ജ്വലമായ മധുരോത്സവമായി മാറി. പാൽ, ശർക്കര, നെയ്യ്, തേങ്ങ എന്നിവയുടെ തനിമയാർന്ന രുചിക്കൂട്ടുകളുമായി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ തങ്ങളുടെ പാചക നൈപുണ്യം വേദിയിൽ പ്രകടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ ആതിര ഒന്നാം സ്ഥാനത്തിന് അർഹയായി. ഷക്കീല മൻസൂർ രണ്ടാം സ്ഥാനവും ബൻസീറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമേരിക്കൻ ബോർഡ് ഓഫ് എഡ്യൂക്കേഷൻ സർട്ടിഫൈഡ് ഷെഫുമാരായ മുബീന സാലിഹ്, സജ്‌ന യൂനുസ്, സുറുമി അബ്ദുള്ള എന്നിവരായിരുന്നു വിധികർത്താക്കൾ. വിദഗ്ദ്ധരായ ഷെഫുമാരുടെ സാന്നിധ്യം മത്സരത്തിന് ഉയർന്ന നിലവാരവും വിശ്വാസ്യതയും പകർന്നു.
ചീഫ് കോഓർഡിനേറ്ററും മോഡറേറ്ററുമായ കുബ്‌റ ലതീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ആയിഷ ഷാമിസ് അവതാരകയായിരുന്നു. പാട്ടിനും നൃത്തത്തിനുമൊപ്പം നിരവധി ആളുകൾ പങ്കെടുത്ത ഈ സംഗമം ജിദ്ദയിലെ പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ആവേശകരമായ അനുഭവമായി മാറി. ഷിബു തിരുവനന്തപുരം, കബീർ കൊണ്ടോട്ടി, നാസർ കിയ, നസീർ വാവക്കുഞ്ഞ്, അബ്ദുൽ നാസർ കൊഴിത്തൊടി, വാസു ഹമദാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഷംസീറ, സാഹിറ, ആഷിക, ഷാഹിദ, ഹസീന, മുംതാസ്, സബീന, ശബ്‌ന, സുനീറ, ലതീഫ്, ബാദ്ഷാ, യൂസഫ് കോട്ട, ജബ്ബാർ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പത്താം വാർഷികാഘോഷത്തിന്റെ നിറവിലുള്ള മലബാർ അടുക്കള, പാചകകലയിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസവും സ്വയംപര്യാപ്തതയും നൽകുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീകളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചാരിറ്റി, വിനോദം, ഷെഫ് കോഴ്‌സുകൾ തുടങ്ങിയ മേഖലകളിലും ഈ കൂട്ടായ്മ സജീവമാണ്. പായസത്തിന്റെ ഓരോ തുള്ളിയിലും നാടിന്റെ ഐക്യവും സ്നേഹവും നിറഞ്ഞുനിന്ന ഈ മധുരമേള ജിദ്ദയുടെ പ്രവാസി മനസ്സുകളിൽ മായാത്ത ഓർമ്മയായി മാറി.



