ഭോപാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാത്രി 8.30 ഓടെ ദേശീയപാതയിലെ പെട്രോൾ പമ്പിന് സമീപം 35 തൊഴിലാളികളുമായി പോയ പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വാഹനത്തിന് താങ്ങാവുന്നതിലും അധികം ഭാരമുണ്ടായിരുന്നതായും നിരവധി തവണ തലകീഴായി മറിഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം.
പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമിതവേഗതയും അമിതഭാരവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തിർല പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.



