ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ സംയുക്ത മേൽനോട്ടം വഹിക്കാമെന്ന ഒമാന്റെ നിർദ്ദേശം തള്ളി ഇറാൻ. ഇതിന് പകരമായി സ്വന്തം നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം. വിഷയത്തിൽ അന്തിമ കരാറിലെത്താനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ തുടർന്നു വരികയാണ്.
ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ടെഹ്റാന്റെ പ്രധാന ആശങ്കകൾ പരിഹരിക്കാൻ ഒമാന്റെ പദ്ധതിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ കാസിം ഗരീബാബാദി മാധ്യമങ്ങളോട് വ്യക്തമാക്കി. അതിനാൽ കടലിടുക്കിൽ ഇറാന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന പുതിയൊരു ബദൽ നിർദ്ദേശമാണ് തങ്ങൾ മുന്നോട്ടുവെച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി അവസാനത്തോടെ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ മേഖലയിൽ പ്രക്ഷുബ്ധമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതിന് പിന്നാലെ ഇറാൻ ഈ ഇടുങ്ങിയ കടൽപ്പാത അടച്ചതോട് കൂടിയാണ് ലോകത്ത് വലിയ രീതിയിലുള്ള എണ്ണ, വാതക വിതരണ പ്രതിസന്ധി രൂപപ്പെട്ടത്. യുദ്ധത്തിന് മുൻപ് ലോകത്തിലെ ആകെ എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ അഞ്ചിലൊന്നും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈ കടലിടുക്ക് വഴിയാണ് സഞ്ചരിച്ചിരുന്നത്.



