ന്യൂ ഡൽഹി: മധ്യേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇന്ധനവില വർദ്ധിച്ചെന്ന കാരണം കണ്ടെത്തി 2026-ലെ ഹജ്ജ് തീർത്ഥാടകർക്ക് കനത്ത ആഘാതവുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി. വിമാനയാത്രാ നിരക്കിൽ വരുത്തിയ പുതിയ വർധനവ് പ്രകാരം ഓരോ തീർത്ഥാടകനും 10,000 രൂപ അധികമായി അടയ്ക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുതിയ സർക്കുലർ കേന്ദ്ര ഹജ്ജ് കമ്മറ്റി ഇറക്കിയത്.
വിമാന ഇന്ധന വിലയിലുണ്ടായ അപ്രതീക്ഷിത വർധനവ് ചൂണ്ടിക്കാട്ടി വിമാനക്കമ്പനികൾ നൽകിയ പരാതി പരിഗണിച്ചാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിരക്ക് ഉയർത്താൻ അനുമതി നൽകിയത് എന്നാണ് വിശദീകരണം. ഇന്ത്യയിലെ ഏത് വിമാന താവളത്തിൽ നിന്നുള്ള യാത്രക്കാരാണെങ്കിലും 100 യുഎസ് ഡോളറിന് തുല്യമായ തുക നിർബന്ധമായും നൽകണം. മെയ് 15-നകം തന്നെ ഈ തുക ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടിൽ എത്തിയിരിക്കണം. ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ്, ഹജ്ജ് സുവിധ ആപ്പ് എന്നിവ വഴിയോ എസ്‌ബിഐ, യൂണിയൻ ബാങ്ക് ശാഖകൾ വഴിയോ പണമടയ്ക്കാം.
ഓരോ തീർത്ഥാടകനും അനുവദിച്ചിട്ടുള്ള യുണീക്ക് ബാങ്ക് റഫറൻസ് നമ്പർ ഉപയോഗിച്ച് വേണം തുക നിക്ഷേപിക്കാൻ. തീർത്ഥാടകർ തുക കൃത്യസമയത്ത് അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ വന്ന അപ്രതീക്ഷിത സാമ്പത്തിക ഭാരം തീർത്ഥാടകർക്ക് വലിയ ഇരുട്ടടിയായിരിക്കുകയാണ്. ഹജ്ജ് കർമത്തിനായി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ കഴിഞ്ഞ ദിവസങ്ങളിൽ എത്തി തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ എത്തിയവർ പറയപ്പെട്ട തുക അടക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കുലറിൽ കൃത്യത ഇല്ല.



