ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യയിലെത്തിയ എസ്‌വൈഎസ് ഹജ്ജ് സെല്ലിനു കീഴിലുള്ള ആദ്യ തീർത്ഥാടക സംഘത്തിന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി. വ്യാഴാഴ്ച രാവിലെ 8:50-ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 397) വിമാനത്തിലാണ് ഹാജിമാർ യാത്ര തിരിച്ചത്. ഉച്ചയ്ക്ക് 12:30-ഓടെ ജിദ്ദയിലെ നോർത്ത് ടെർമിനലിലെത്തിയ സംഘത്തെ ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർ കോർ നേതാക്കളും വളണ്ടിയർമാരും ചേർന്ന് സ്വീകരിച്ചു.

എസ്.വൈ.എസ് ഹജ്ജ് സെല്ലിലെ 120 പേരും മർകസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉൾപ്പെടെ ആകെ 160 തീർത്ഥാടകരാണ് ഈ സംഘത്തിലുള്ളത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം, മർകസ് മുദരിസ് സയ്യിദ് ജസീൽ തങ്ങൾ, എസ്‌വൈഎസ് ഹജ്ജ് സെൽ മാനേജർ മൊയ്തു സഖാഫി വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ സംഘം എത്തിയത്.
ഐസിഎഫ് നാഷണൽ നേതാക്കളായ മുജീബ് എ.ആർ. നഗർ, ബഷീർ മാസ്റ്റർ പറവൂർ എന്നിവരുടെ നേതൃത്വത്തിൽ യഹ്‌യ ഖലീൽ നൂറാനി, അശ്റഫ് കൊടിയത്തൂർ, ബാവ കുമണ്ണ, ഖാസിം സഖാഫി, സിദ്ദിഖ് മുസ്‌ലിയാർ വലിയ പറമ്പ് തുടങ്ങിയവർ ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. തീർത്ഥാടകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും നൽകാൻ വിപുലമായ സന്നദ്ധസേവന സംഘമാണ് രംഗത്തുള്ളത്.



