ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച അർദ്ധരാത്രി 11.50-ഓടെ ആലപ്പുഴ മെഡിക്കൽ കോളേജിന് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരണപ്പെട്ടത്.
മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ അച്ചു ട്രെയിൻ മാർഗ്ഗം കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. സുഹൃത്തും അയൽവാസിയുമായ അഖിൽ കൃഷ്ണ അച്ചുവിനെ ബൈക്കിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയിലൂടെ ലോറി കയറി അച്ചു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അമ്പലപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.



