കോഴിക്കോട്: എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ പക്കലുള്ള ലിസ്റ്റിന്റെ ചിത്രം പുറത്തുവന്നതും അതിൽ കെ.സി. വേണുഗോപാലിന് സന്ദീപ് വാര്യറുടെ പിന്തുണ രേഖപ്പെടുത്തിയതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, ഇത്തരമൊരു ലിസ്റ്റ് താൻ കണ്ടിട്ടില്ലെന്നും ആർക്കാണ് തന്റെ പിന്തുണയെന്നത് പരസ്യമായി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എം.എൽ.എമാരോട് വ്യക്തിപരമായി അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെ ഭാഗമായി നേതാക്കൾക്കായി ഫ്ലക്സുകൾ ഉയർത്തുന്നതും പ്രകടനങ്ങൾ നടത്തുന്നതും സ്വാഭാവികമാണെങ്കിലും അതിന് കൃത്യമായ ഒരു പരിധി വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടുമുള്ള തന്റെ നിലപാട് സന്ദീപ് വാര്യർ ആവർത്തിച്ചു. ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ലെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. അത്തരം പ്രസ്താവനകൾ കണ്ടിട്ടില്ലെന്നും വാർത്തകൾ അറ്റവും മൂലയും മുറിച്ചെടുത്ത് നൽകുന്നത് ചിലപ്പോൾ പ്രവർത്തകർക്കിടയിൽ വിഷമമുണ്ടാക്കാൻ കാരണമായേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാകും മുന്നണി മുന്നോട്ട് പോവുക എന്ന സൂചനയാണ് സന്ദീപ് വാര്യറുടെ വാക്കുകൾ നൽകുന്നത്.



