കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതിക്കൊണ്ട് ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. തൃണമൂൽ കോൺഗ്രസിന്റെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങി പ്രമുഖ എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കീർത്തനിയ, ശുഭ്രാം തുഡു, നിസിത് പ്രമാണിക് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ രവീന്ദ്ര ജയന്തി ദിനത്തിൽ നടന്ന ഈ സത്യപ്രതിജ്ഞാ ചടങ്ങ് ബംഗാളിനെ സംബന്ധിച്ച് സാംസ്കാരികമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ളതായിരുന്നു. നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിക്കൊണ്ട് തന്റെ കരുത്ത് തെളിയിച്ച സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബംഗാളിൽ പുതിയ വികസന യുഗം ആരംഭിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിലാണ് അമിത് ഷായുടെ സാന്നിധ്യത്തിൽ സുവേന്ദു അധികാരിയെ ഏകകണ്ഠമായി പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. ബംഗാളിലെ ജനവിധി മാനിച്ച് സംസ്ഥാനത്തിന്റെ സമാധാനത്തിനും വികസനത്തിനുമായി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സുവേന്ദു അധികാരി പ്രതികരിച്ചു. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ബ്രിഗേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.



