ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ലക്കി മർവാത്ത് ജില്ലയിലെ സാരായി നൗറംഗ് ടൗണിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച റിക്ഷ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് ട്രാഫിക് പോലീസുകാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഏകദേശം 30 പേർക്ക് പരിക്കേറ്റതായും ഗുരുതരമായി പരിക്കേറ്റവരെ ബാനു ജില്ലയിലെ ആശുപത്രികളിലേക്ക് മാറ്റിയതായും എമർജൻസി റെസ്‌ക്യൂ ഏജൻസിയായ ‘റെസ്ക്യൂ 1122’ അറിയിച്ചു. ടി.എച്ച്.ക്യു ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബാനു ജില്ലയിലെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 21 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ താലിബാൻ (ടി.ടി.പി) ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഈ മേഖലയിൽ അടുത്തകാലത്തായി സുരക്ഷാ സേനയ്ക്ക് നേരെ ടി.ടി.പി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ടി.ടി.പി ഭീകരർക്ക് സംരക്ഷണം നൽകുന്നുവെന്നാണ് പാകിസ്ഥാൻ്റെ പ്രധാന ആരോപണം.
എന്നാൽ ഈ ആരോപണങ്ങൾ അഫ്ഗാൻ താലിബാൻ ഭരണകൂടം തള്ളി. പാക് ഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി മുതൽ അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഏപ്രിലിൽ ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടന്നെങ്കിലും അതിർത്തിയിൽ ഇടയ്ക്കിടെയുള്ള വെടിവെപ്പും അക്രമ സംഭവങ്ങളും തുടരുകയാണ്.



