ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ ഉജ്ജ്വല വിജയം നേടി. 234 അംഗ സഭയിൽ 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ ഭൂരിപക്ഷം ഉറപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കേവലഭൂരിപക്ഷം കുറവായിരുന്ന ടി.വി.കെ, സഖ്യകക്ഷികളുടെയും എ.ഐ.എ.ഡി.എം.കെയിലെ വിമത വിഭാഗത്തിന്റെയും പിന്തുണയോടെയാണ് ഈ കടമ്പ കടന്നത്.
കോൺഗ്രസ് (5), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്‌ലിം ലീഗ് (2) എന്നീ പാർട്ടികളും പുറത്താക്കപ്പെട്ട എ.എം.എം.കെ എം.എൽ.എ കാമരാജും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. വിശ്വാസവോട്ടെടുപ്പ് തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റിമറിച്ചു. പ്രതിപക്ഷമായ ഡി.എം.കെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭയിൽ നിന്ന് വോക്കൗട്ട് നടത്തി. ടി.വി.കെക്ക് തനിയെ ഭൂരിപക്ഷമില്ലെന്ന് ആരോപിച്ചാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള 59 ഡി.എം.കെ അംഗങ്ങൾ സഭ വിട്ടത്. കൂടാതെ നാല് പി.എം.കെ അംഗങ്ങളും ഒരു ബി.ജെ.പി അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വോട്ടെടുപ്പിന് മുന്നോടിയായി വിപ്പ് ലംഘിച്ച് എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ വിജയിക്കൊപ്പം നിലയുറപ്പിച്ചത് എടപ്പാടി പളനിസ്വാമി ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ നീക്കത്തോടെ എ.ഐ.എ.ഡി.എം.കെ പാർട്ടി ഔദ്യോഗികമായി പിളർന്നു. പാർട്ടിയുടെ ആകെ 47 എം.എൽ.എമാരിൽ പകുതിയിലധികം പേരും സി.വി. ഷൺമുഖം – എസ്.പി. വേലുമണി പക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ പിന്തുണച്ചതോടെ പളനിസ്വാമിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. തമിഴ് സിനിമാ ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയിയെ സംബന്ധിച്ചിടത്തോളം ഈ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ കൂടുതൽ സുരക്ഷിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



