കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ സോന വെന്തുമരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന കുടുംബം, സംഭവത്തിൽ പോലീസിനും വനിതാ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച രാത്രി 9.15-ഓടെ ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടസമയത്ത് സോനയെ മുൻസീറ്റിലിരുത്താതെ എന്തുകൊണ്ട് പിൻസീറ്റിലിരുത്തിയെന്നും, തീപിടിച്ചപ്പോൾ രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരോട് കാറിനുള്ളിൽ മറ്റൊരാൾ കൂടിയുണ്ടെന്ന വിവരം രജിൻലാൽ എന്തുകൊണ്ട് മറച്ചുവെച്ചുവെന്നും യുവതിയുടെ അമ്മാവൻ സത്യൻ ചോദിക്കുന്നു. അപകടമുണ്ടായ ഉടൻ പിന്നിലെ ഡോർ തുറക്കാൻ ശ്രമിക്കാതെ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. നിലവിൽ പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പലേരിയിലെ വീട്ടുവളപ്പിൽ സോനയുടെ മൃതദേഹം സംസ്കരിച്ചു.
അതേസമയം, പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം കാറിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആകാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് സൂചന. കാറിൽ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുള്ളതിനാൽ, ഈ ശബ്ദമുണ്ടാകാനുള്ള സാധ്യതകളെ കേന്ദ്രീകരിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മേപ്പയ്യൂർ ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധരും മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. കൂടുതൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്ന ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.



