ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂർ പാക്കണയിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാലുകാരനായ മലയാളി വിദ്യാർഥി ദാരുണമായി കൊല്ലപ്പെട്ടു. ഗൂഡല്ലൂർ പാക്കണയിൽ താമസിക്കുന്ന പറക്കുന്നൻ വീട്ടിൽ ഷാജഹാന്റെ മകൻ മിസ്ഹബാണ് മരിച്ചത്.
ഇന്ന് രാത്രി എട്ട് മണിയോടെ ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് കാട്ടാന മിസ്ഹബിനെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ വിദ്യാർഥി മരണപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാട്ടുകാരിൽ വലിയ ആശങ്കയും ഭീതിയും ഉയർത്തിയിട്ടുണ്ട്.
വയനാട് പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരി ഇന്ന് രാവിലെ കൊല്ലപ്പെട്ടിരുന്നു. മേപ്പാടി – ചൂരൽമല റൂട്ടിൽ കള്ളാടി ഭാഗത്തുവെച്ചായിരുന്നു ജെസ്സി എന്ന 45 കാരിയെ കാട്ടാന ആക്രമിച്ചത്. ഭർത്താവ് ഷാജിക്കൊപ്പം ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോകവെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.



