കോഴിക്കോട്: അസമിലെ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവും, പശ്ചിമ ബംഗാളിലെ മദ്‌റസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയ സർക്കാർ ഉത്തരവും ന്യൂനപക്ഷ വിഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഇത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങളിലെ സാമൂഹ്യപ്രവർത്തകരുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തിയ ശേഷമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കുമാണ് അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചത്.
ഏകീകൃത സിവിൽകോഡ്, മദ്‌റസകളിലെ വന്ദേ മാതരം എന്നിവയ്ക്ക് പുറമെ, ‘ബുൾഡോസർ രാജ്’, മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുന്ന അതിക്രമങ്ങൾ, കുടിയൊഴിപ്പിക്കലുകൾ, തൊഴിൽ വിവേചനം, കന്നുകാലി കശാപ്പ് നിയന്ത്രണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളും കത്തിൽ അദ്ദേഹം ഉന്നയിച്ചു. മതപരമായ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുമ്പോൾ പണ്ഡിതന്മാരുമായി കൂടിയാലോചിക്കുന്നത് മതേതര രാജ്യത്തിന് അഭികാമ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വികസന-ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഛിദ്രതയും ആശങ്കയും സൃഷ്ടിക്കുന്ന നടപടികൾ സർക്കാരിന്റെ വിശ്വാസ്യതയെ തകർക്കും. ഭരണകൂടം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങളും അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ഭരണാധികാരികളും പൗരന്മാരും ഒരുപോലെ ശ്രദ്ധിക്കണമെന്നും, വിവിധ സംസ്കാരങ്ങളും ഗോത്ര വിഭാഗങ്ങളും ഐക്യത്തോടെ കഴിയുന്ന നാടുകളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന നിയമങ്ങൾ സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷങ്ങളെക്കൂടി ഉൾക്കൊള്ളുന്ന വികസിത ഭരണം ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം സന്ദേശത്തിൽ ആവശ്യപ്പെട്ടു.



