പിണറായി വിജയന്റെ വസതികളിലെ ഇ.ഡി റെയ്ഡ്: ഡൽഹിയിലും പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹി/തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിനെതിരെ ഡൽഹിയിലും കേരളത്തിലും സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് സി.പി.എം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത എം.എ. ബേബി അടക്കമുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. റെയ്ഡ് നടക്കുന്ന വേളയിൽ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വസതികൾക്ക് മുന്നിൽ പ്രവർത്തകർ തടിച്ചുകൂടി വലിയ തോതിൽ പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തിലും പ്രതിഷേധം അക്രമാസക്തമായി. കണ്ണൂരിൽ പിണറായി വിജയന്റെ വീടിന് മുന്നിലെത്തിയ പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൂവി വിളിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ അക്രമം ഉണ്ടായതിനെത്തുടർന്ന് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വസതി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും പോലീസ് ലാത്തി വീശുകയും ചെയ്തു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ വെച്ച് ഉദ്യോഗസ്ഥരുടെ കാർ പ്രവർത്തകർ തടഞ്ഞെങ്കിലും, സി.പി.എം നേതാക്കൾ ഇടപെട്ട് പിന്നീട് വാഹനം വിട്ടയക്കുകയായിരുന്നു. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ തുടരുന്ന ഇ.ഡി റെയ്ഡിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് സി.പി.എം ഉയർത്തുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles