തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിൽ ഉൾപ്പെടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ രംഗത്തെത്തി. ഇ.ഡിയുടെ പരിശോധന ചിലർക്കെല്ലാം വലിയ മനസംതൃപ്തി നൽകുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ നിലപാടുകളെ പിണറായി രൂക്ഷമായി വിമർശിച്ചു. പിണറായി വിജയന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലെന്നും, എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി മുൻപ് ചോദിച്ചിരുന്നുവെന്നും പിണറായി ഓർമ്മിപ്പിച്ചു.
ബി.ജെ.പി സർക്കാർ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ആസൂത്രിതമായ ആക്രമണമാണ് എല്ലാ കാലത്തും നടത്തിവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളല്ലാത്ത മറ്റ് പാർട്ടി നേതാക്കൾക്കെതിരെ ഇ.ഡി നടപടിയെടുക്കുമ്പോൾ മൗനം പാലിക്കുകയും, അത് നടന്നോട്ടെ എന്ന മനോഭാവം സ്വീകരിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്തരം നടപടികൾ കൊണ്ട് തന്നെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും, ഇത് ഒരു തുടക്കം മാത്രമാണെന്നും പിണറായി വ്യക്തമാക്കി. പാർട്ടിയുടെ ശത്രുക്കൾ അടിച്ചമർത്താൻ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം തനിക്ക് ലഭിച്ച പാർട്ടി സഖാക്കളുടെ അകമഴിഞ്ഞ പിന്തുണ ഇന്നും പ്രകടമാണ്. സഖാക്കളുടെ പിന്തുണയ്ക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ പ്രതിസന്ധിയെയും ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പിന്നീട് വിശദീകരിക്കാമെന്ന് മാധ്യമങ്ങളോട് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.



