ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഓഫീസിന്റെ പരിസരത്ത് വൻ തീപിടിത്തം. ഡൽഹിയിലെ ഐ.ടി.ഒ (ITO) മേഖലയിലുള്ള ‘സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ’ (SPA) ക്യാമ്പസിലാണ് സംഭവം നടന്നത്. രാവിലെ 9.37ഓടെ വിവരമറിഞ്ഞെത്തിയ എട്ട് അഗ്‌നിശമന സേനാ യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യം വികാസ് മാർഗിലെ വിദ്യാഭ്യാസ മന്ത്രാലയ ഓഫീസിലാണ് തീപിടിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും, തീപിടിത്തം ഉണ്ടായത് ഐ.ടി.ഒയിലെ എസ്.പി.എ ക്യാമ്പസിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പിന്നീട് വ്യക്തമാക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നീറ്റ് (NEET) ചോദ്യചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഈ തീപിടിത്തം ഏറെ ആശങ്കാജനകവും സംശയാസ്പദവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഇതിനിടെ, സി.ബി.എസ്.ഇ (CBSE) മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തി ഒരു പ്രത്യേക കമ്പനിക്ക് കരാർ ഒപ്പിച്ചു നൽകാൻ സി.ബി.എസ്.ഇ ഒത്തുകളിച്ചതായും, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകൾ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സ്‌കാൻ ചെയ്തതെന്നും ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്‌സിലൂടെ (X) ആരോപിച്ചു. ഝാർഖണ്ഡിൽ നിന്നുള്ള സാർത്ഥക് സിദ്ധാന്ത് എന്ന വിദ്യാർഥി സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടലിലെ രേഖകൾ പരിശോധിച്ച് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മേയ് 2025-ലെ ടെണ്ടർ പ്രകാരം 300 ഡി.പി.ഐ വ്യക്തതയുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്‌കാനറുകൾ ഉപയോഗിക്കേണ്ട സ്ഥാനത്ത്, ഓഗസ്റ്റിൽ പുറത്തിറക്കിയ പുതുക്കിയ ടെണ്ടറിലൂടെ വ്യക്തത 200 ഡി.പി.ഐ ആയി കുറച്ച് വ്യവസ്ഥകൾ അട്ടിമറിച്ചതായും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കരാർ ലഭിച്ച ‘കോഎംപ്റ്റ്’ എന്ന കമ്പനി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് ആരോപണം. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയും വ്യക്തമാക്കിയിട്ടുണ്ട്.



